പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥൻ്റ തള്ള് നാട്ടുകാർക്ക് ഉപകാരമായി..പുകഴ്ത്തി പ്പറഞ്ഞവയൊക്കെ ട്രോളായി മാറിയതോടെ കണിച്ചാർ പഞ്ചായത്തിലെ ജനങ്ങൾ സിപിഎം കാരനായ പ്രസിഡൻ്റിൻ്റെ ഭരണത്തെ അറഞ്ചം പുറഞ്ചം വിശകലനം ചെയ്ത്തായി. പ്രസിഡൻ്റിൻ്റെ പടവും ചേർത്ത് വച്ച് മുൻ ഉദ്യോഗസ്ഥൻ വാഴ്ത്തുപാട്ട് പാടിയതാണ് വിനയായത്. ഒരു പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥൻ പോലും മുൻ മുതലാളിയെ ഇതു പോലെ ട്രോളാൻ പാടില്ലായിരുന്നു. കാരണം തള്ളുന്നതിനൊക്കെ ഒരു മയം വേണ്ടേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എന്തായാലും മുൻ ഉദ്യോഗസ്ഥൻ്റെ തള്ള് പരിഗണിച്ച് നാട്ടുകാർ കഴിഞ്ഞ അഞ്ച് വർഷത്തെ കണിച്ചാർ പഞ്ചായത്ത് ഭരണം വിലയിരുത്തുന്ന തിരക്കിലാണിപ്പോൾ. കഴിഞ്ഞ 5 വർഷത്തിനിടയിൽ സ്വയം ആവിഷ്കരിച്ച പദ്ധതികളൊന്നും കണിച്ചാർ പഞ്ചായത്തിൽ ഉണ്ടായില്ല. എല്ലായിടത്തും ടേക്ക് എ ബ്രേക്ക് പണിതതുപോലെ കണിച്ചാറിലും പണിതു. എല്ലാ പഞ്ചായത്തിലും ഹരിതകർമസേന വന്നു, കണിച്ചാറിലും വന്നു. എല്ലായിടത്തും സർക്കാർ ആവിഷ്കൃത തട്ടിക്കൂട്ട് പരിപാടികൾ സംഘടിപ്പിച്ചത് പോലെ കണിച്ചാർ പഞ്ചായത്തിലും തട്ടിക്കൂട്ട് പരിപാടികൾ നടത്തി. പിന്നെ നേട്ടമെന്ന് പറയാനുള്ളത് കഴിഞ്ഞ കോൺഗ്രസ് ഭരണസമിതിയുടെ കാലത്ത് അവർ നിർമിച്ച ബസ് സ്റ്റാൻഡിലെ അവർ നിർമിച്ച ഷോപ്പിങ്ങ് കോംപ്ലക്സിലെ പഞ്ചായത്ത് ഓഫീസ്, അവർക്ക് പണി പൂർത്തീകരിക്കും മുൻപ് കാലാവധി തീർന്ന് ഭരണത്തിൽ നിന്ന് മാറിയപ്പോയപ്പോൾ, ഇത്തിരി ഫർണിച്ചർ പണിയൊക്കെ നടത്തി ശിലാഫലകത്തിൽ സ്വന്തം പേര് കൊത്തിക്കാനും ഓഫീസിലെ ഹാളിന് പാർട്ടി നേതാവിൻ്റെ സ്മാരകമാക്കാനും പറ്റിയതാണ് വലിയ നേട്ടമായത്. പറഞ്ഞു വന്നാൽ സിപിഎം കണിച്ചാറിൽ ഭരണത്തിലെത്തിയ കഥയിൽ തുടങ്ങണ്ടതായി വരും. .
ഒരു റോഡ് പണിയിൽ ഊതിവിപ്പിച്ചു അഴിമതി കഷ്ടപ്പെട്ട് ആരോപിച്ച് വ്യാജ പ്രചാരണം നടത്തിയാണ് 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു കാലത്ത് കണിച്ചാറിലെ സിപിഎം തരികിട തുടങ്ങിയത്. രണ്ടാഴ്ചയിൽ അധികം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമര വേഷം കെട്ടും സിപിഎം നടത്തി. കുറ്റം പറയരുതല്ലോ കോൺഗ്രസിലെ ഗ്രൂപ്പുവഴക്കും തമ്മിൽ തല്ലും പരമാവധി മുതലാക്കാനും സിപിഎമ്മിന് കഴിഞ്ഞു.കോൺഗ്രസിലെ പോരാട്ട കേസരികളും നിപുണൻമാരും സ്വന്തം പാർട്ടിക്കുള്ളിൽ കടിപിടി നടത്തിയതോടെ സിപിഎമ്മിൻ്റെ ചമയം കറക്ടായി. കോൺഗ്രസ്കാർ പിന്നെ പണ്ടേ അങ്ങനെയാണല്ലോ. തിണ്ണമിടുക്ക് സ്വന്തം പാർട്ടികുടുംബത്ത് കാണിക്കും. എതിരാളികളോട് ഭയങ്കര ബഹുമാനവും സാഹോദര്യവും കാണിച്ച് മഹത്തായ ആദർശമങ്ങ് നടത്തിക്കളയും. എതിരാളികളോട് നടത്തേണ്ട ജുദ്ധം സ്വന്തം പാർട്ടിക്കുള്ളിലെ സഹപ്രവർത്തകരോട് നടത്തി വീര്യം തെളിയിക്കലാണ് കോൺഗ്രസിൻ്റെ ഒരു രീതി. എന്തായാലും തിരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മിൻ്റെ വേഷം കെട്ട് വ്യാജസമരങ്ങളും കോൺഗ്രസ് സിംഹങ്ങളുടെ പാളയത്തിനുള്ളിലെ പോരാട്ട വീര്യവും കൂടിച്ചേർന്നതോടെ സിപിഎം കണിച്ചാർ പഞ്ചായത്തിൻ്റെ ഭരണത്തിലെത്തി. അധികാരം കിട്ടുമ്പോൾ പ്രസിഡൻ്റ് ആകുമെന്ന് കരുതപ്പെട്ട വ്യക്തി രായ്ക്ക് രാമാനം തഴയപ്പെട്ടു. പകരം പെട്ടെന്നൊരു ഉഡായിപ്പ് കളിയിൽ താരം പ്രസിഡൻ്റായി. എന്നിട്ട് പഞ്ചായത്തിൽ എന്തുണ്ടായി? പഞ്ചായത്ത് ഓഫീസ് കെട്ടിടവും ബസ്സ്റ്റാൻഡ് ഷോപ്പിങ് സെൻ്ററും കോൺഗ്രസ് ഭരണസമിതി നിർമ്മിച്ചിരുന്നു. ഫണ്ട് നൽകിയത് കോൺഗ്രസ് ജനപ്രതിനിധി സണ്ണി ജോസഫ് എംഎൽഎയുടെ ഫണ്ടിൽ നിന്നാണ് കൊടുത്തത്. സിപിഎമ്മും പ്രസിഡൻറും ചേർന്ന് ആകെ കൊണ്ടുവന്നത് കുറേദുരന്തങ്ങൾ മാത്രം. മൂന്ന് വർഷം മുൻപ് ഉരുൾപൊട്ടലിൽ തകർന്ന പൂളക്കുറ്റി നെടുംപുറംചാൽ ഏലപ്പീടിക മലയാംപടി പ്രദേശങ്ങളിൽ 38 കോടി രൂപയുടെ നഷ്ടം സർക്കാർ കണക്കാക്കിയെങ്കിലും ജനത്തിന് കിട്ടിയത് ആകെ ഒന്നര കോടിയിൽ താഴെ മാത്രം. അവിടെയുള്ള ജനങ്ങളുടെ കടബാധ്യത തീർക്കാനോ നശിച്ചുപോയ കൃഷിയിടങ്ങൾ പുനസൃഷ്ടിക്കാനോ ഒരു സഹായവും നൽകിയില്ല. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 3.9 ലക്ഷം രൂപ മാത്രം നൽകി വിജയൻ്റെ സർക്കാർ പറ്റിച്ചപ്പോൾ അത് നോക്കി ചിരിച്ചു കൊണ്ട് നിന്നു പഞ്ചായത്ത് പ്രസിഡൻ്റും പാർട്ടിയും. കണിച്ചാറിൻ്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം സണ്ണി ജോസഫ് എംഎൽഎയും കെ.കെ.ശൈലജ എംഎൽഎയും കെ സുധാകരൻ എംപിയും രാഷ്ട്രീയ ഭേതമില്ലാതെ മറ്റ് എം.പിമാരും എംഎൽഎമാരും ആവശ്യപ്പെട്ടപ്പോൾ ദുരന്തനിവാരണ അതോറിറ്റിയിലെ ദുരന്തം പിടിച്ച ഒരു അംഗത്തെ വച്ച് പാക്കേജ് ആവശ്യത്തെ അട്ടിമറിച്ചത് പ്രസിഡൻറും അയാളുടെ പാർട്ടിയിലെ ചില നേതാക്കളും ചേർന്നാണ്. ദുരന്തനിവാരണ പദ്ധതി പ്രകാരം 2018
ൽ കൊട്ടിയൂർ, കേളകം മേഖലകളിൽ ദുരന്തമുണ്ടായപ്പോൾ പ്രത്യേക പാക്കേജ് ആവിഷ്കരിച്ച് നടപ്പിലാക്കിയതിനാൽ അവിടെ ജനങ്ങൾ സുഖമായി കഴിയുന്ന കാര്യം ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചപ്പോൾ ദുരന്തനിവാരണ അതോറിറ്റിയിലെ ദുരന്ത അംഗത്തേയും സിൽബന്തികളേയും കൂട്ടി കുറേ ഷോ കാണിക്കൽ പരിശോധനയും തട്ടിക്കൂട്ട് ചർച്ചകളും നടത്തിയതല്ലാതെ പഞ്ചായത്ത് ഭരണ നേതൃത്വം കാര്യമായൊന്നും ചെയ്തില്ല. ഉദ്യോഗസ്ഥരും അവരെ ചുമന്നു നടന്ന പ്രസിഡൻ്റ് ഗ്രൂപ്പുകാരയ ചിലരും തിന്നു കുടിച്ച് അർമ്മാദിച്ച് ആഘോഷമാക്കി വിലസിയതല്ലാതെ ജനത്തിന് ഉപകാരമുള്ള ഒരു പദ്ധതിയും നടപ്പിലായില്ല. ഇവരുടെ ചെലവുകൾ സംബന്ധിച്ച പരിശോധന ആവശ്യമാണ്. പ്രത്യേക പാക്കേജ് ഇല്ലാതാക്കി ദുരന്ത പാക്കേജ് നടപ്പിലാക്കി. കാറ്റ് വരുമ്പോൾ മണിയടിക്കുന്ന പദ്ധതി, ഉരുൾപൊട്ടൽ ഉണ്ടായാൽ ഓടിക്കോ എന്ന് എസ് എം എസ് അയക്കാനുള്ള സംവിധാനം എന്നിവയൊക്കെയായി റസിലിയൻസ് സെൻ്റർ തുടങ്ങി എന്നതാണ് പ്രസിഡൻ്റും പാർട്ടിയും ചേർന്ന് നടത്തിയ വികസന പ്രവർത്തനം. ആ ഒറ്റ വികസന പ്രവർത്തനത്തിൻ്റെ പേര് പറഞ്ഞ് മൂന്ന് ഉദ്ഘാടനങ്ങൾ വരെ നടത്താനും ശ്രമിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ചിലർക്ക് ഇപ്പോഴും പണി തീർത്ത് കയറി താമസിക്കാൻ പോലും സാധിച്ചില്ല.4 ലക്ഷം രൂപ കൊണ്ട് ഒരു വീട് നിർമിക്കാൻ കഴിയില്ല എന്ന് അറിയാൻ പാടില്ലാത്ത ഏക ഭരണം കേരളത്തിലെ വിജയൻ്റെ ഭരണമാണ്. മോഹൻലാലിന് എന്തോ അവാർഡ് കിട്ടിയെന്ന് പറഞ്ഞ് കോടികൾ പൊടിച്ച വിജയൻ ദുരന്തബാധിതർക്ക് 4 ലക്ഷം രൂപ പോലും തികച്ച് നൽകിയില്ല എന്നതാണ് വിപ്ലവം. അത് 4 ലക്ഷമായി തികച്ച് വാങ്ങിക്കൊടുക്കാൻ പോലും പഞ്ചായത്ത് പ്രസിഡൻ്റ് ന് സാധിച്ചുമില്ല. പക്ഷെ തള്ളിനും വിമർശനത്തിനും മറ്റുള്ള പാർട്ടിക്കാരേയും സ്വന്തം പാർട്ടിക്കാരെയും പുഛിക്കുന്നതിന് ഒരു കുറവുമില്ല.
എല്ലാ കാര്യത്തിലും രാഷ്ട്രീയ മുതലെടുപ്പും ഉഡായിപ്പും മാത്രമായിട്ടായിരുന്നു പഞ്ചായത്ത് ഭരണം. ദുരന്തം വിളയാടിയ ഓഗസ്റ്റിന് തൊട്ടുപിന്നാലെ ശോകം അഭിനയിക്കുന്നതിനിടയിൽ 15 ലക്ഷത്തിൽ അധികം മുടക്കി പഞ്ചായത്ത് പുത്തൻകാർ വാങ്ങി. ഗൗരവതരമായ രീതിയിൽ വീടിന് നഷ്ടമുണ്ടാകുമെന്ന പേരിൽ ഒരിടത്ത് വൻതുക മുടക്കി സുരക്ഷാ ഭിത്തി പണിതു. വീടിന് എന്താണ് സംഭവിച്ചതെന്ന് ആരും പഠിച്ചില്ല. വീട് വയ്ക്കാൻ മാന്യമായ ഒരു നഷ്ടപരിഹാര തുക സർക്കാരിൽ നിന്ന് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും നാട്ടിലുള്ള എല്ലാ ഊടുവഴികളിലും പാട്ടക്കഷണത്തിൽ പച്ച പെയ്ൻറടിച്ച് റിഫ്ലക്ടർ ബോർഡ് ആണെന്നും പറഞ്ഞ് സ്ഥപിക്കുന്നതിന് 24 ലക്ഷം രൂപ മുടക്കി.ഇതിപ്പോൾ വിജിലൻസ് അന്വേഷണത്തിലാണ്. വിജിലൻസിനെ കൈപ്പിടിയിലാക്കാൻ കണ്ണൂർ ജില്ലയിലെ ഒരു മെൻ്റർ എംഎൽഎ ഓടിക്കളിക്കുന്നുണ്ട്. ദുരന്തനിവാരണത്തിനുള്ള അതോറിറ്റിയിലെ ഒരു മെമ്പർ സെക്രട്ടറി തയാറാക്കി കൊടുക്കുന്ന ലൊട്ടുലൊടുക്ക് ഇടപാടുകൾ എവിടെയെങ്കിലുമൊക്കെ സ്ഥാപിക്കുമെന്നും അതൊക്കെ വളരെ ഉപകാരപ്രദമാണെന്നുമുള്ള തള്ളുകളാണ് പ്രധാന ഭരണവിനോദം.അതോററ്റി ഉദ്യോഗസ്ഥരെ സൽക്കരിക്കലാണ് പ്രധാന പഞ്ചായത്ത് ഭരണം. ആറ്റാംചേരിയിലെ അഞ്ചാറ് പാവങ്ങൾക്ക് റോഡ് നൽകാൻ തയാറാകാത്ത ഭരണം വഴി കടന്നു പോകുന്നയിടത്ത് മാലിന്യ സംസ്കരണ പദ്ധതി സ്ഥാപിക്കാൻ ഉള്ള ശ്രമം വെല്ലുവിളിച്ചു നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്തിലെ പല റോഡും തകർച്ചയിലാണ്. പിന്നെ പ്രസിഡൻ്റ് നടത്തിയ വലിയ വിപ്ലവം നെടുംപുറം ചാലിൽ ഉണ്ടായിരുന്ന കുടുംബാരോഗ്യ ഉപകേന്ദ്രം വികസനലക്ഷ്യത്തോടെ പൂളക്കുറ്റിയിലേക്ക് മാറ്റാൻ നടത്തിയവൻ രാഷ്ട്രീയ നീക്കമായിരുന്നു. അവിടെയുള്ള വനിത പഞ്ചായത്തംഗത്തിൻ്റെ ഉറച്ച നിലപാടും നാട്ടുകാരുടെ ഒത്തൊരുമയു കാരണം കുടുംബാരോഗ്യ ഉപകേന്ദ്രത്തെ അട്ടിമറിക്കാനുള്ള പ്രസിഡൻ്റിൻ്റെ ശ്രമം പാളി. ലൈഫ് വീടുകളുടെ അവസ്ഥ എന്തെന്ന് ആർക്കും അറിയില്ല. നാല് വരിപ്പാതയെ കണിച്ചാറിൽ ദിശ മാറ്റി വിട്ട് ബാക്കി പ്രദേശങ്ങളിലെ ജനകീയ താൽപര്യത്തെ അട്ടിമറിക്കാൻ നീക്കം നടത്തി. കരിന്തളം വയനാട് വൈദ്യുതി ലൈൻ നിർമാണത്തിൽ നയം വ്യക്തമാക്കാതെ മലക്കം മറിഞ്ഞ് കളിയിലാണ് പഞ്ചായത്ത്.
ഇതിനിടയിലാണ് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ എന്ന പേരിൽ ഒരു ആംബുലൻസ് 2021 ൽ കൊട്ടിഘോഷിച്ച് ഇറക്കിയത്. ജനങ്ങളിൽ നിന്ന് 24 ലക്ഷം രൂപ പിരിച്ച് വാങ്ങിയ ആംബുലൻസിൽ കിലോമീറ്ററിന് 2 രൂപ മാത്രമാണ് ഇളവ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും വൈസ് പ്രസിഡൻ്റ് കൺവീനറും ഒരു പഞ്ചായത്തംഗം ട്രഷററുമായ ജനകീയ കമ്മിറ്റിയുടേതാണ് ആംബുലൻസ് എങ്കിലും നിയമനമൊക്കെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പാർട്ടിക്കാർക്ക് മാത്രമാണ്. ഒടുവിൽ കണക്ക് നോക്കുമ്പോൾ അര ലക്ഷത്തിലധികം രൂപ സ്വാഹ. പഞ്ചായത്ത് സെക്രട്ടറി ആംബുലൻസിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കത്തും നൽകിയിരിക്കുന്ന ദുസ്ഥിതിയിലാണ് കമ്മിറ്റിയും നാട്ടുകാരും. പഞ്ചായത്തിൽ കളിക്കളങ്ങൾ നിർമിക്കുന്നില്ല, സംരക്ഷിക്കുന്നില്ല. പുതിയതായി ഒന്നുമില്ല. പരാതികൾ പലതിന് പിന്നാലെ അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. വിജയൻ്റെ വിജിലൻസായതുകൊണ്ട് ചിലപ്പോൾ ഒന്നും സംഭവിക്കില്ലായിരിക്കാം. എന്നാലും ഒരു ചട്ടവും കണക്കും വേണ്ടേ?അതിനിടയിലാണ് അടിമയായ മുൻ ഉദ്യോഗസ്ഥൻ പുകഴ്ത്തിപ്പാടി നൈസായിട്ട് ട്രോളുന്നത്. ഇതൊക്കെയാണ് കണിച്ചാർ പഞ്ചായത്ത് വികസനത്തിൻ്റെ നേർ ചിത്രം.
Kanichar Panchayat President trolled Deepu's push.




















